Thursday 28 April 2011

ചില ഫേസ്ബുക്ക് സത്യങ്ങള്‍.........



ഞാന്‍ ഒരു ചെറുപ്പക്കാരനാണ്. കാണാന്‍ അത്ര പോര; ഇന്ദ്രന്‍സ് ലുക്കാണ്, കാര്‍മുകില്‍ വര്‍ണ്ണം. പ്രൈവറ്റായി ബി.കോം. ഫസ്റ്റ് ക്ലാസില്‍ പാസായി. ഇപ്പോള്‍ ഒരോഫീസില്‍ സെക്രട്ടറിപ്പണിയെടുക്കുന്നു. കൊള്ളാവുന്ന ഓഫീസായതു കൊണ്ട് ഫുള്‍ടൈം നെറ്റുണ്ട്. ആദ്യമൊക്കെ ഒഴിവുനേരങ്ങളില്‍ പത്രം വായന, യൂട്യൂബ് പരതല്‍ ഒക്കെയായിരുന്നു പണി. ചൂടന്‍ പടങ്ങളു വല്ലതും കിട്ടുമോന്നു ശ്രമിച്ചിട്ട് ഒരു രക്ഷയുമില്ല, എല്ലാം ബ്ലോക്കിയിരിയ്ക്കുകയാണ്. അങ്ങനെ ഏതോ നേരത്താണ് “ഫേസ്‌ബുക്ക്”എന്നു പറഞ്ഞ ഒരു സംഭവമുണ്ടെന്നറിഞ്ഞത്. ഒരു ഐ.ഡിയൊക്കെ ഉണ്ടാക്കി അതില്‍ കയറിപറ്റി. ഉള്ളതില്‍ നല്ലൊരു ഫോട്ടോ, കമ്പ്യൂട്ടറിലിട്ട് പരമാവധി തല്ലിയലക്കി വെളുപ്പിച്ച് പ്രൊഫൈലിലിട്ടു. വിവരങ്ങളൊക്കെ സത്യമായി തന്നെയാണ് പൂരിപ്പിച്ചത്. ഭാഗ്യത്തിന് കൊള്ളാവുന്ന വല്ല കൊച്ചുങ്ങളും കയറിക്കൊത്തി കല്യാണത്തിലെത്തിയാല്‍, പറ്റിച്ചൂന്നു പറയരുതല്ലോ..!

ഇനി കുറച്ച് ചങ്ങായിമാരെ കിട്ടണം. നോക്കുമ്പോള്‍ നല്ല മണിമണിപോലത്തെ പെണ്‍കുട്ട്യോള്സ്‍, കിടിലന്‍ ചേച്ചിമാര്, വലിയ വലിയ എമണ്ടന്‍ ചേട്ടന്മാര്, സിം‌പ്ലന്‍ ചെറുപ്പക്കാര്, ഒക്കെ ഇഷ്ടം പോലെ. നൂറോളം പേര്‍ക്ക് റിക്വസ്റ്റ് വിട്ടെന്നാണ് ഓര്‍മ്മ. എന്നെ ആഡ് ചെയ്തത് വെറും പതിനെട്ട് പേര്..! പത്ത് ചേട്ടന്മാരും, ആറ് ചെറുപ്പക്കാരും രണ്ട് ചേച്ചിമാരും. ഒരൊറ്റ പെങ്കൊഞ്ച് പോലും മൈന്‍ഡാക്കിയില്ല.

എല്ലാവരും സ്റ്റാറ്റസ് ഇടുന്നതു കണ്ട് എനിയ്ക്കും മോഹമായി. നല്ല കനമുള്ളത് ഇരിയ്ക്കട്ടെ എന്നു കരുതി ചില മാസികളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമൊക്കെയായി ഒന്നാന്തരം വാചകങ്ങള്‍ പൊക്കിയിട്ടു കൊടുത്തു. അബദ്ധത്തില്‍ ഒന്നോ രണ്ടോ പേര് ലൈക്കടിച്ചതല്ലാതെ ഒരുത്തനും ഗൌനിച്ചില്ല.

ഹോ..! ചിലവന്മാരുടെയൊക്കെ യോഗം! “ഞാനിന്ന് ഉച്ചയ്ക്ക് കപ്പ തിന്നു” എന്നൊരെണ്ണം കാച്ചിയാല്‍ അമ്പത്തേഴ് ലൈക്കും എഴുപത്തിമൂന്ന് കമന്റും. എന്നാപ്പിന്നെ ആ ലൈനില്‍ നോക്കാം എന്നു കരുതി ഞാനും ഇട്ടു .

“ഞാനിന്ന് ഉച്ചയ്ക്ക് ബിരിയാണി തിന്നു.”

ഒരു ദിവസം മുഴുവന്‍ കാത്തിരിരുന്നിട്ടും ഒരു ലൈക്ക് പോലും കിട്ടിയില്ല..! ശെടാ, കപ്പയ്ക്ക് ബിരിയാണിയേക്കാള്‍ വിലയോ !
പിറ്റേദിവസം മാറ്റി ഇട്ടു.

“ഞാനിന്ന് ഉച്ചയ്ക്ക് കപ്പ തിന്നു.”

“നീയെന്നാ കോപ്പെങ്കിലും തിന്നടേ“, എന്ന മട്ടില്‍ ഒരീച്ച പോലും ആവഴി വന്നില്ല.

ചാറ്റ് വിന്‍ഡോയില്‍ കണ്ടവരോടൊക്കെ “ഹായ്” പറഞ്ഞു. ഒന്നോ രണ്ടോ പേര്‍ മാത്രം തിരിച്ചും “ഹായ്“ പറഞ്ഞു. പിന്നെ വന്ന മെസേജ് “ബിറ്റ് ബിസി”. അപ്പോഴെനിയ്ക്ക് മനസ്സിലായി, എന്റെ ഈ ചളുങ്ങിയ മുഖവും കറമ്പന്‍ നിറവും വച്ചോണ്ടിരുന്നാല്‍ ആരും മൈന്‍ഡാക്കില്ല. അങ്ങനെ എന്റെ പടം മാറ്റിയിട്ട് സല്‍മാന്‍ ഖാന്റെ പടം കയറ്റി. വിദ്യാഭ്യാസം, ഗ്രാജ്വേഷന്‍ എന്നാക്കി. ആശാവഹമായിരുന്നു മാറ്റം. ഇടയ്ക്കിടെ ചില ഫ്രെണ്ട് റിക്വസ്റ്റ് വരാന്‍ തുടങ്ങി. കുറച്ചു നാളുകൊണ്ട് നൂറോളം പേര്‍ ലിസ്റ്റിലെത്തി. ഞാനിടുന്ന സ്റ്റാറ്റസിന് വല്ലപ്പോഴും ഓരോ കമന്റൊക്കെ കിട്ടി.

“ഞാനിന്ന് ഉച്ചയ്ക്ക് കപ്പ തിന്നു” എന്നിട്ടപ്പോള്‍ “അതെന്താ ചോറില്ലായിരുന്നോ” , “കപ്പ അധികം തിന്നരുത്” എന്നിങ്ങനെ രണ്ട് കമന്റുകളും മൂന്ന് ലൈക്കും കിട്ടി. കുറച്ചു പുരോഗതി ആയെന്നര്‍ത്ഥം.

എന്നിട്ടും ചില തൈക്കിളവന്മാര്‍ക്ക് കിട്ടുന്ന കമന്റോ ലൈക്കോ എനിയ്ക്കു കിട്ടിയില്ല. എന്തുമാത്രം പെണ്ണുങ്ങളാ അവന്റെയൊക്കെ കൂടെ കെട്ടിമറിയുന്നത്..! അവളുമാരുടെ പുറകെ കുറെ ആണുങ്ങളും. എങ്ങനെ കളിച്ചാലും അറുപതും എഴുപതും കമന്റ് കിട്ടും ഓരോ പോസ്റ്റിനും..

ചില പെണ്ണുങ്ങളുടെ പോസ്റ്റിലാണെങ്കില്‍ നൂറില്‍ കുറഞ്ഞ കമന്റേയില്ല. ചില കെളവന്മാര് സ്ഥിരം കുറ്റികളായി അവളുമാരുടെ ഒപ്പം കൂടിയിരിയ്ക്കുകയല്ലേ. ഞാനും അവിടെയൊക്കെ പോയി ഓരൊ കമന്റിട്ടു. ഒരുത്തിയും ലൈക് തന്നില്ല. മറ്റവന്മാര്‍, ഞാനിങ്ങനെയൊരുത്തന്‍ അതിന്റെടേല്‍ ഉണ്ടെന്നു പോലും ഗൌനിച്ചില്ല.

ഇതുകൊണ്ടൊന്നും ഒരു രക്ഷയുമില്ലെന്നു മനസ്സിലായി. ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഓപ്പറേഷനുള്ള സമയമായിരിയ്ക്കുന്നു. പുതിയ ഐ.ഡി ഒരെണ്ണം ഉണ്ടാക്കി. “ശ്രീദേവി”. നല്ലൊരു സുന്ദരിപ്പെണ്ണിന്റെ പടവും ഇട്ടു. വയസ്സ് ഇരുപത്തൊന്ന്. വിദ്യാഭ്യാസം എഞ്ചിനീയറിംഗ്.

റിച്ചര്‍ സ്കെയിലില്‍ 9- രേഖപ്പെടുത്തിയ ചലനം ആയിരുന്നു ആദ്യദിവസം തന്നെ. നൂറ്റിയാറ് ഫ്രെണ്ട് റിക്വസ്റ്റ്...! പതിനാല് മെസേജ്. ചാറ്റ് വിന്‍ഡോ പൂട്ടിവച്ചു, ശല്യം കാരണം.

പിറ്റേന്ന് ആദ്യ സ്റ്റാറ്റസിട്ടു. ”ഞാനിന്ന് ഉച്ചയ്ക്ക് കപ്പ തിന്നു..” ഒരു മണിയ്ക്കൂറിനുള്ളില്‍ നാല്പത്തെട്ട് കമന്റും ഇരുപത്തിനാല് ലൈക്കും. ചില കമന്റുകള്‍ :

“കപ്പയാണോ “ശ്രീ”യുടെ സൌന്ദര്യരഹസ്യം..?”
“ബിരിയാണിയെക്കാളും എത്രയോ നല്ലതാണ് കപ്പ..”
“കപ്പ നമ്മുടെ ദേശീയ ഭക്ഷണം ആക്കണം..”
“ഞാനിനി മുതല്‍ കപ്പയേ തിന്നൂ ശ്രീദേവിക്കുട്ടീ...”

ഇവന്മാരുടെ ആക്രാന്തം കണ്ടപ്പോള്‍, “ഞാനൊരു പുരുഷനാടാ പുല്ലന്മാരെ” എന്നു പറഞ്ഞാലോയെന്നു പലവട്ടം തോന്നി. പിന്നെ വേണ്ടാന്നു വച്ചു, ഞരമ്പന്മാര് രസിച്ചോട്ടെ..!

ഒരാഴ്ചകൊണ്ട് ആയിരത്തഞ്ഞൂറ് ഫ്രെണ്ട്സ്. വലിയ വലിയ എമണ്ടന്‍ ചേട്ടന്മാരൊക്കെ എനിയ്ക്ക് റിക്വസ്റ്റ് അയച്ച കൂട്ടത്തിലുണ്ട്. പിന്നെ സിം‌പ്ലന്മാര് ചെറുപ്പക്കാരും. ചെറുപ്പക്കാരെ സഹിയ്ക്കാം, അവന്മാര് കമന്റിട്ട് കളിയ്ക്കുകയേ ഉള്ളൂ. ചില തൈക്കിളവന്മാരുടെ മെസേജാണ് സഹിയ്ക്കാന്‍ വയ്യാത്തത്. മോള് കല്യാണം കഴിച്ചതാണോ ? എന്താ ചാറ്റില്‍ വരാത്തത്..? ഞാനിത്ര മെസേജയച്ചിട്ടും എന്താ മറുപടി തരാത്തത്..?

അപ്പോഴാണ് എനിയ്ക്കൊരു രസം തോന്നിയത്. ഫേസ്‌ബുക്കില്‍ സ്ഥിരം നോട്ടെഴുതുന്ന വിദ്വാന് ഒരു മെസേജ് വിട്ടു:

“എന്റെ ചേട്ടാ..ഞാന്‍ ചേട്ടന്റെ ആരാധികയാണ് ! എന്തൊരു ഗ്ലാമറാണ് ചേട്ടന്റെ കണ്ണടയ്ക്കും ഊശാന്‍ താടിയ്ക്കും!! ചേട്ടനെ കണ്ടാലേ അറിയാം ഒരു ബുദ്ധിജീവിയാണെന്ന് !!! ചേട്ടന്റെ നോട്ട് ഞാന്‍ ദിവസവും മൂന്നുവട്ടം വായിയ്ക്കും..!!! ചേട്ടാ................!”

ഹോ..! പിന്നെ സുനാമിയടിച്ച മാതിരി ഒരു പ്രളയമായിരുന്നു. ദിവസം മൂന്നുനേരം ആ ചങ്ങാതിയുടെ മെസേജ് വരും “ചക്കരേ..തേനേ“ എന്നും പറഞ്ഞ്. മസിലു പിടിച്ചു നടന്ന ചില വലിയ ചേട്ടന്മാരൊക്കെ ഐസു പോലെ ഉരുകുന്നതു ഞാന്‍ കണ്ടു. കഴിഞ്ഞ ദിവസം ചുമ്മാ ഒരു പോസ്റ്റിട്ടു:

“@!#@#“.

നൂറ്റി ഇരുപത്തെട്ട് കമന്റാണ് വീണത്..! നാല്പത് ലൈക്കും..!! വീട്ടിലെ പട്ടിയ്ക്ക് തീറ്റ കൊടുക്കുന്ന പാത്രത്തിന്റെ ഫോട്ടോ ഇട്ടു കൊടുത്തപ്പോള്‍, എല്ലാവന്മാരും കൂടി അത് നക്കി തോര്‍ത്തി വൃത്തിയാക്കി തന്നു. നൂറ്റി അറുപത് കമന്റ്, അന്‍പത്താറ് ലൈക്ക്. പണ്ട് സില്‍ക്കു സ്മിത കടിച്ച ആപ്പിളിന് ജനം അടികൂടിയത് ഞാനോര്‍ത്തുപോയി.

am not sure who the author of this article. i got this from ma frds profie,l but its interesting

No comments: